മുന്നാർ : മഴ മാറിയതോടെ മൂന്നാറിലെ ഗതാഗതനിയന്ത്രണവും മാറി. സി.എസ്.ഐ. പള്ളിക്ക് സമീപം ദേശീയപാതയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിൻവലിച്ചു. പകരം ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയാക്കി.
എന്നാൽ, അപകടഭീഷണി ഒഴിഞ്ഞിട്ടില്ല. മണ്ണിടിഞ്ഞ് റോഡിന്റെ പകുതിയിലേറെ മൂടിയ നിലയിലാണ്. അടിമാലിയിൽനിന്ന് എത്തുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്തുകൂടി ഒരു വരിയായി മൂന്നാറിലേക്ക് പോകാം.
മൂന്നാറിൽനിന്ന് അടിമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷന് സമീപത്തെ ചെറിയ പാലം വഴിയാണ് ഇപ്പോഴും വിടുന്നത്.ഇതോടെ പ്രദേശത്ത് വൺവേ ഗതാഗത സംവിധാനമാണ് നിലവിലുള്ളത്.
സി.എസ്.ഐ. പള്ളിക്ക് സമീപം ഉണ്ടായ വിള്ളൽ മഴ ശക്തമായതോടെ കൂടുതൽ അപകടാവസ്ഥയിലായിരുന്നു. മണ്ണിടിഞ്ഞ് റോഡിന്റെ പകുതിയിലേറെയും മൂടിയിട്ടുണ്ട്.
ഇതിനുപുറമേ, മുകളിൽനിന്ന് ഒഴുകിയെത്തുന്ന നീർച്ചാലും ആശങ്ക ഉയർത്തുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ വാഹനങ്ങൾ നിർത്താനും പാർക്ക് ചെയ്യാനും നിയന്ത്രണമുണ്ട്.
മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മഴ പൂർണമായി മാറിയാൽ മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാണ് നീക്കം.
അതേസമയം, മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ടായി റെഡ് അല്ലെങ്കിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചാൽ റോഡ് പൂർണമായും അടയ്ക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു






