മുണ്ടക്കയം : മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ മുണ്ടക്കയത്ത് ജലവിതരണം പ്രതിസന്ധിയിലാകും. കനത്ത മഴയിൽ പ്രളയസമാനമായ രീതിയിൽ മണിമലയാറ്റിലേക്ക് ജലം ഒഴുകിയെത്തിയിട്ട് ആഴ്ചകൾ മാത്രമാകുന്നേ ഉള്ളൂ. അതിനിടെയാണ് ഇപ്പോൾ ആറ് വറ്റിത്തുടങ്ങിയ നിലയിലേക്ക് എത്തിയത്. മണിമലയാറ്റിൽ ബൈപ്പാസിന് സമീപത്തെ ചെക്ക് ഡാമിലെ വെള്ളംവറ്റുകയും പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകിയെത്താൻ കഴിയാത്തവിധം വലിയ മൺതിട്ട രൂപപ്പെടുകയും ചെയ്തു.
വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്ത സാഹചര്യം തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മുണ്ടക്കയം ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകുന്നതിന് തടസ്സമായി നിൽക്കുന്ന മൺതിട്ട അടിയന്തരമായി നീക്കം ചെയ്യുകയും ചെക്ക് ഡാമിന്റെ ഷട്ടർ അടയ്ക്കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി മുണ്ടക്കയം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.






