കോട്ടയം: മൊബൈല്‍ ഫോണിന് തീവിലയായതോടെ മോഷ്ടിച്ച് പാർട്സുകളാക്കി പൊളിച്ചുവില്‍ക്കുന്ന സംഘങ്ങള്‍ സജീവമായി.
മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ചാല്‍ ഐ.എം.ഇ.ഐ നമ്പരിലൂടെ കണ്ടെത്താനാകുമെന്നതിലാണ് മോഷ്ടാക്കള്‍ എളുപ്പവഴി തിരഞ്ഞെടുക്കുന്നത്.
മോഷ്ടിച്ച ഫോണ്‍ കൈയില്‍ കിട്ടിയാലുടൻ ഡിസ്പ്ളേ, ബാറ്ററി, സബ് ബോർഡ് ഇവയെല്ലാം വേർതിരിക്കും. ഈ പാർട്സുകള്‍ ഒരേ മോഡലുകളിലുള്ള മറ്റ് ഫോണുകളില്‍ ഉപയോഗിച്ചാല്‍ കണ്ടുപിടിക്കാനും കഴിയില്ല.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് മൊബൈല്‍ ഫോണിനും പാർട്സുകള്‍ക്കും വില വർദ്ധിച്ചതോടെ വളഞ്ഞ വഴിയില്‍ കാശുണ്ടാക്കുകയാണ് വിരുതൻമാർ. തട്ടിയെടുത്ത ഫോണുകളുടെ സിം കാർഡ് മാറ്റിയാലും ഫോണ്‍ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താം.
ഐ.എം.ഇ.ഐ നമ്പർ സോഫ്റ്റുവെയർ ഉപയോഗിച്ച് മാറ്റുന്നവരുമുണ്ട്. ഇത് അല്‍പ്പം മെനക്കേടായതിലാണ് മോഷ്ടിച്ച ഫോണ്‍ ഓണ്‍ ചെയ്യാതെ തന്നെ പാർട്സുകളാക്കുന്നത്.






