കൊച്ചി: എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസില്‍ കയറി ആക്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍.
കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ, 'മൈൻഡ് കണ്ണൻ' എന്നറിയപ്പെടുന്ന വിഷ്ണു കണ്ണൻ (37) ആണ് എറണാകുളം സെൻട്രല്‍ പോലീസിന്റെ പിടിയിലായത്.
എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കല്‍ സ്വദേശിയുമായ മാഹിൻ, ഇയാളുടെ സുഹൃത്ത് നവാസ് എന്നിവർക്ക് നേരെയാണ് ഓഫീസില്‍ കയറി ആക്രമണമുണ്ടായത്. സംഭവത്തില്‍ മാഹിൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെൻട്രല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സെൻട്രല്‍ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങിയ സംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്.






