കോട്ടയം: എം.ജി. സർവകലാശാല സെമസ്റ്റർ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ കൃത്യസമയത്ത് നടത്തിയില്ലെന്ന ഇടത് സംഘടനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എം.ജി. സർവകലാശാല സിൻഡിക്കേറ്റ്. അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യബാങ്കുകൾ ഈ മാസം 21-നകം തയ്യാറാകുമെന്ന് സർവകലാശാല അറിയിച്ചു.
ചോദ്യബാങ്ക് തയ്യാറാക്കുന്നതിനുള്ള ഉത്തരവ് ഓഗസ്റ്റ് ആറിനാണ് പുറപ്പെടുവിച്ചത്. ചോദ്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിനൽകുകയും ചെയ്തിരുന്നു. ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് മതിയായ പരിശീലനമോ സമയമോ ലഭിച്ചില്ലെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.
ചോദ്യബാങ്ക് കോ-ഓർഡിനേറ്റർമാർക്കും ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്കുമായി ഓൺലൈൻ പരിശീലനവും ഓഗസ്റ്റ് 13, 17 തീയതികളിൽ സർവകലാശാല സെനറ്റ് ഹാളിൽ നേരിട്ടുള്ള പരിശീലനവും സംഘടിപ്പിച്ചിരുന്നു.
പരീക്ഷാ ചോദ്യപ്പേപ്പറുകളുടെ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പരീക്ഷകൾ നടത്തുമെന്നും വിദ്യാർഥികൾക്ക് തയ്യാറെടുപ്പിനായി മതിയായ സമയം ലഭിക്കുമെന്നും സർവകലാശാല അറിയിച്ചു.
പരീക്ഷകൾ പൂർത്തിയായ ഉടൻ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആറാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യബാങ്ക് തയ്യാറാക്കുന്നതിനുള്ള നടപടികൾ നവംബറിൽ തന്നെ ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മൂല്യനിർണയം പൂർത്തിയായ മുൻ സെമസ്റ്ററുകളിലെ പരീക്ഷാഫലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും. ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
പ്രൊഫ. (ഡോ.) സജ്ന ജലീൽ ശനിയാഴ്ച പരീക്ഷാ കൺട്രോളറുടെ പൂർണ അധിക ചുമതല ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെ പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജോയിന്റ് രജിസ്ട്രാർമാരുടെയും ഡെപ്യൂട്ടി രജിസ്ട്രാർമാരുടെയും ഉന്നതതലയോഗവും ചേർന്നു.






