കോട്ടയം: ഈ വയ്യാത്ത അവസ്ഥയില്‍ എന്തൊരു ദുരിതമാണ്. ഇനി എത്രനാള്‍ ഈ പടികള്‍ കയറിയിറങ്ങണം!. മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗത്തിലെത്തുന്ന രോഗികള്‍ ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കയറുകയാണ്.
ചികിത്സ തേടി ആശുപത്രിയിലെത്തുന്നവർക്ക് ആശ്രയമാകേണ്ട ലിഫ്റ്റ് അഞ്ച് ദിവസമായി പ്രവർത്തനരഹിതമാണ്. കാലപ്പഴക്കമാണ് തകരാറിന് കാരണമായി പറയുന്നത്. ജനറല്‍ മെഡിസിൻ, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, ത്വക്ക് രോഗം എന്നിവയുടെ ഒ.പിയിലേക്കുള്ള പ്രധാന ലിഫ്റ്റാണിത്. രോഗികള്‍ക്ക് പുറമേ ജീവനക്കാരും ഒരുപോലെ വലയുകയാണ്. അവർക്കിടയില്‍ അമർഷവും കുറവല്ല. രോഗികള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പുകാരും പരാതിയുമായി എത്തുന്നുണ്ട്.
ജീവനക്കാരും ആശ്രയിക്കുന്നത്
വിവിധ വാർഡുകളിലേക്കും ആശുപത്രി ജീവനക്കാർ സഞ്ചരിക്കുന്നത് ഈ ലിഫ്റ്റ് വഴിയാണ്. ജീവനക്കാരുടെ ദൈനംദിന പ്രവർത്തനത്തെയും തകരാർ ബാധിക്കുന്നു. കാലപ്പഴക്കം മൂലം ലിഫ്റ്റിന് തകരാർ പതിവായിരുന്നു. ഏതാനും മാസം മുമ്പും ലിഫ്റ്റ് ദീർഘനാള്‍ പണിമുടക്കി. ഏറെ പരാതികള്‍ക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തിയത്.
ഒ.പിയില്‍ എത്തുന്നത് ദിനംപ്രതി നൂറുകണക്കിന് രോഗികള്‍
തകരാർ എന്ന് പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല
ആശുപത്രിയിലെത്തുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ലിഫ്റ്റ് അടിയന്തരമായി നന്നാക്കണം. ആവർത്തിച്ചുള്ള തകരാറിന് സ്ഥിരം പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.






