കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പ്രതിയായ അബ്ദുള്‍ സലാമിന് ഗുണ്ടാ ബന്ധവും.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ഗ്യാങ്ങിലുണ്ടായിരുന്നയാളാണ് അബ്ദുള്‍ സലാം.
സലാമിൻ്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
മറ്റൊരു പ്രതിയായ സൈനുൽ ആബിദ് നിരവധി സൈബർ കേസുകളിൽ പ്രതിയാണ്.
തട്ടിപ്പ് സംഘത്തിന് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകുന്നത് ആബിദാണ്.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമേ ആന്ധ്രയിലും ഇയാൾക്കെതിരെ സൈബർ തട്ടിപ്പ് കേസുകളുണ്ട്.
പ്രതികൾ ലഹരി ഇടപാട് നടത്തിയ വിവിധ ജില്ലകളിലുള്ള ഇടനിലക്കാരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ ആയിരുന്ന മുഹമ്മദ് ഹുസൈന് പിടിയിലാകുന്നത്.
ഇയാള്‍ക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്, പി എ അബ്ബാസ് എന്നിവരെ പിടികൂടുകയായിരുന്നു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്.
വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റ് ആണ് ഹുസൈന്. പിടിയിലായവരെല്ലാം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
മുഹമ്മദ് ഹുസൈന് കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അബ്ദുള്‍ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ള സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.






