ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ആലപ്പുഴ പവർ ഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൻഷാദ് (37) ആണ് പിടിയിലായത്.
കൊമ്മാടി ബൈപാസിന് സമീപത്ത് എക്സൈസും പൊലിസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽനിന്നും വീട്ടിൽനിന്നുമായി ആകെ 26.88 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഓഗസ്റ്റ് മാസം അവസാനം 150 ഗ്രാം എംഡിഎംഎയുമായി അൻഷാദ് പിടിയിലായിരുന്നു.
കേസിൽ ജാമ്യത്തിലിറങ്ങി 12 ദിവസത്തിന് ശേഷമാണ് വീണ്ടും പൊലിസിന്റെ വലയിലാകുന്നത്. ജാമ്യത്തിലിറങ്ങിയത് മുതൽ ഇയാൾ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് വിൽപനയ്ക്കായി പോകുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
ഇയാളുടെ പക്കൽ നിന്ന് ആദ്യം 1.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 25.5 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. ജില്ലയിലെ നിരവധി എൻഡിപിഎസ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അൻഷാദ്.






