ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ- ചാപ്റ്റർ 1’ലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘നെവർ എൻഡിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ സംഗീതവും വരികളും ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജിതിൻ കെ ജോസ് തന്നെയാണ്.
ജോൺസ് റോയ് ആലപിച്ച ഗാനം ചിത്രത്തിന്റെ സംവിധായകന്റെ തന്നെ സംഗീതസൃഷ്ടി എന്ന പ്രത്യേകതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രമേയത്തോടും അന്തരീക്ഷത്തോടും ചേർന്നുനിൽക്കുന്ന സംഗീതാനുഭവമാണ് ‘നെവർ എൻഡിംഗ്’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘കൊള്ളിപ്രാക്ക്’ പരീക്ഷണാത്മകമായ സംഗീതശൈലി കൊണ്ട് ശ്രദ്ധ നേടിയിരുന്നു. മുജീബ് മജീദ് സംഗീതം ഒരുക്കിയ ആ ഗാനത്തിന് പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലീഷ് ഗാനവും പുറത്തിറങ്ങിയിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ‘മായന്റെ’ മറ്റൊരു പ്രത്യേകതയാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമാണ് ചിത്രം പറയുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കളങ്കാവൽ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘മായൻ’.






