കൊച്ചി: നടി മഞ്ജു വാര്യർ നല്കിയ മാനനഷ്ടക്കേസില്‍ അഭിഭാഷകന്റെ ആവശ്യമില്ലെന്ന് സംവിധായകൻ സനല്‍കുമാർ ശശിധരൻ കോടതിയെ അറിയിച്ചു.
മഞ്ജു വാര്യർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സംവിധായകന്റെ പുതിയ നീക്കം.
കേസുമായി ബന്ധപ്പെട്ട് സനല്‍കുമാർ കോടതിയില്‍ നേരിട്ട് തന്റെ ഭാഗം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ നല്കിയ ഹർജിയില്‍ സനല്‍കുമാർ ശശിധരനും ഓണ്‍ലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയും ഉള്‍പ്പെടെയുള്ളവർക്കെതിരെ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങള്‍ തുടർച്ചയായി നടത്തിയെന്നാണ് മഞ്ജു വാര്യരുടെ പരാതി. നേരത്തെ എറണാകുളം മുൻസിഫ് കോടതി ചില സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ അപകീർത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിനും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.






