മല്ലപ്പള്ളി: കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി വലിയ പാലം നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമായി മാറുന്നു. അഞ്ചര മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ ഒരേസമയം ഒരു നിര വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്.
1954 സെപ്റ്റംബർ 19-ന് മണിമലയാറിന് കുറുകെ പൂവനക്കടവിലെ കടത്തുവള്ളത്തിന് പകരമായി പാലം ഗതാഗതത്തിനായി തുറന്നുനൽകി. അന്നത്തെ പൊതുമരാമത്ത് മന്ത്രി കെ.ആർ. ഇലങ്കത്ത് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച പാലം, ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ കാർ ഓടിച്ച് മറുകരയിലെത്തി നാടിന് സമർപ്പിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
75 വർഷം പിന്നിട്ട പാലത്തിന് ആവശ്യമായ അറ്റകുറ്റപ്പണികളും സംരക്ഷണ നടപടികളും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. മുൻകാലങ്ങളിൽ പതിവായി നടത്തിയിരുന്ന പെയിന്റിംഗ് ഉൾപ്പെടെയുള്ള പരിപാലന പ്രവർത്തനങ്ങളും ഏറെക്കാലമായി നിലച്ചിരിക്കുകയാണ്.
മല്ലപ്പള്ളി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരമായി സമാന്തര പാലം നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ പദ്ധതിക്ക് രൂപം ലഭിച്ചിട്ടില്ല. നിലവിലെ പാലത്തിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെയുള്ള തിരുമാലിട ക്ഷേത്രത്തിന് സമീപം പുതിയ പാലം നിർമിച്ച് കോട്ടയം റോഡിലെ അണിമപടി ഭാഗത്തുനിന്നുള്ള പാത മല്ലപ്പള്ളി–ആനിക്കാട് റോഡുമായി ബന്ധിപ്പിക്കുകയാണെങ്കിൽ നഗരത്തിലെ ഗതാഗതഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.






