ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ മാമ്മൂട്–ചേറ്റുവാങ്കലിന് സമീപം മരിയൻലൈൻ ഭാഗത്ത് വീടുകൾക്ക് ഭീഷണിയായി നിലകൊണ്ടിരുന്ന കൂറ്റൻ മൺതിട്ട നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
മാടപ്പള്ളി പഞ്ചായത്തും ജില്ലാ റവന്യൂ വകുപ്പും തയ്യാറാക്കിയ പ്ലാനിന്റെയും സ്കെച്ചിന്റെയും അടിസ്ഥാനത്തിൽ ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.
നാനൂറോളം മീറ്റർ നീളത്തിൽ പത്തടി മുതൽ അറുപതടി വരെ ഉയരത്തിലാണ് മൺതിട്ട നിലകൊള്ളുന്നത്. നേരത്തെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലും വയനാട് മേപ്പാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും സമീപത്തെ 16 കുടുംബങ്ങൾ ആശങ്കയിലായിരുന്നു.
മാടപ്പള്ളി വികസനസമിതി ചെയർമാൻ ബാബുക്കുട്ടൻചിറ, ബ്ലോക്ക് പഞ്ചായത്തംഗം ജി. അശോക്, പഞ്ചായത്ത് വാർഡംഗം സൈന തോമസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലായത്.






