കൊച്ചി: ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'മായൻ ചാപ്റ്റർ 1'ന്റെ ടീസർ പുറത്തിറങ്ങി.
നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ, കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ 'കറുത്തച്ചനൂട്ട്' എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതല്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ് പുറത്തുവന്ന ടീസർ. കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന രഹസ്യ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട നിഗൂഢതകളും സിനിമയുടെ കഥയില്‍ നിർണായകമാകുമെന്ന സൂചനയാണ് ടീസർ നല്‍കുന്നത്.
ഭീതിയും ദുരൂഹതയും നിറഞ്ഞ ദൃശ്യങ്ങള്‍ക്കൊപ്പം ഉദ്വേഗം നിലനിർത്തുന്ന അവതരണവും ടീസറിനെ ശ്രദ്ധേയമാക്കുന്നു. കേവലമൊരു കുറ്റാന്വേഷണ കഥയ്ക്കപ്പുറം, മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയാണ് ടീസർ ഉയർത്തുന്നത്.
'കളങ്കാവല്‍' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മായൻ ചാപ്റ്റർ 1'. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ വിജയചിത്രങ്ങള്‍ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂണ്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്.






