കോട്ടയം: സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു. 1182 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ എലിപ്പനി കണ്ടെത്തിയത്. 48 പേര്‍ക്കു മരണവും സംഭവിച്ചു.
എലിപ്പനി എന്നുവിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് സംസ്ഥാനത്ത് സ്ഥിരസാന്നിധ്യമുള്ള ഏറ്റവും അപകടകാരിയായ പകര്‍ച്ചവ്യാധിയായി മാറുകയാണ്.
വര്‍ഷാവര്‍ഷം രോഗികളുടെ എണ്ണം കൂടുന്നു. ഒപ്പം മരണങ്ങളും. അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ശരാശരി ആറുശതമാനമാണു മരണനിരക്ക് എന്നത് ആശങ്കാജനകമാണ്. 2025-ല്‍ 6.8 ആയിയിരുന്നു.
ചികിത്സിച്ചു ഭേദമാക്കാനും പ്രതിരോധിക്കാനും ഡോക്സിസൈക്ലിന്‍ പോലുള്ള ഫലപ്രദമായ മരുന്നുണ്ടായിട്ടും എലിപ്പനി മരണകാരിയാകുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലുമുണ്ടാകുന്ന കാലതാമസമാണ് ഇതിനു കാരണം.
രോഗം സങ്കീര്‍ണമായാല്‍ കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം എന്നീ ആന്തരികാവയവങ്ങളെ ബാധിക്കും. വീല്‍സ് സിന്‍ഡ്രോം എന്ന അവസ്ഥ വരും.
പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. പ്രായഭേദമന്യേ ആര്‍ക്കും എലിപ്പനി ബാധിക്കാം. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടു പോകുന്നവരുടെ നിലയാണ്ഗുരുതരമാകുന്നത്.
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ പ്രധാന രോഗലക്ഷണങ്ങളാണ്.
കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗാവസ്ഥ അനുസരിച്ച് കണ്ണില്‍ ചുവപ്പ് നിറമുണ്ടാകും.
പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം.
പനി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
വീടും പരിസരവും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികള്‍ പെരുകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യണം.
ശരിയായ ബൂട്ടുകളും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവര്ത്തനങ്ങളിലേര്പ്പെടരുതെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.






