കോട്ടയം: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ കോട്ടയത്ത് മിനി മാരത്തണ്‍ സീസണ്-4 നടക്കും.
ഹൊറൈസണ്‍ മോട്ടോഴ്സും സിഎംഎസ് കോളജും എംജി യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയും സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷന്റെ സഹകരണത്തോടെയാണു പരിപാടി നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെയും കേരള സര്‍ക്കാരിന്റെ വിമുക്തി മിഷന് പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പരിപാടിയാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
മാരത്തണിനോടനുബന്ധിച്ച് സൂംബ ഡാന്‍സുമുണ്ട്. സംഗീതവും വ്യായാമവും സമന്വയിപ്പിക്കുന്ന പരിപാടി കുടുംബങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകും. വിവിധ പ്രായവിഭാഗങ്ങള്‍ക്കായി പ്രത്യേക റേസ് വിഭാഗങ്ങളുണ്ട്.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. അശോകകുമാര്‍, കാര്‍ഗില്‍ യുദ്ധത്തിന് ഇന്ത്യയെ നയിച്ച കേണല്‍ ഇ.കെ. ജയപാലന് എന്നിവര്‍ പങ്കെടുക്കും.
സിഎംഎസ് കോളജിലെ എന്‍എസ്എസ്, എന്‍സിസി വോളണ്ടിയർമാര്‍ മാരത്തണിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കും. മത്സരാര്‍ഥികളുടെ ആരോഗ്യസുരക്ഷയ്ക്കായി കാരിത്താസ് ആശുപത്രിയുടെ മെഡിക്കല്‍ സംഘവും സജ്ജമായിരിക്കും.
സെ നോ ടു ഡ്രഗ്സ് സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന മാരത്തണ്‍ ലഹരിവിരുദ്ധ ബോധവത്കരണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കോളജുകളിലെ വിദ്യാര്‍ഥികള്‍, മറ്റ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, കായികപ്രേമികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും






