കോട്ടയം: ഓണം അടുത്തിരിക്കെ അരിവില കുത്തനെ ഉയർന്നത് കുടുംബ ബജറ്റിന് തിരിച്ചടിയായി. ഇടവേളയ്ക്കുശേഷമാണ് അരിവില വീണ്ടും കുതിച്ചത്. കോട്ടയത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കുത്തരിക്കാണ് വലിയ വിലവർധന. ചില്ലറവില കിലോയ്ക്ക് 5 മുതൽ 8 രൂപവരെ ഉയർന്ന് 60 രൂപയിലെത്തി. വില ഇനിയും കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
മഴക്കുറവ്, നെൽ ഉൽപാദനം കുറഞ്ഞത്, ഇന്ധനവിലയും ചരക്കുഗതാഗത ചെലവും ഉയർന്നത്, കയറ്റുമതി വർധിച്ചത് എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ കർണാടകയിൽ നിന്നുള്ള കുത്തരിയുടെ ലഭ്യതയും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
പച്ചക്കറിക്കും പലചരക്കിനും പിന്നാലെ അരിവിലയും വർധിച്ചതോടെ ഇടത്തരം കുടുംബങ്ങളുടെ അടുക്കള ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. റേഷൻ കടകളിൽ ആവശ്യത്തിന് കുത്തരി ലഭിക്കാത്തതും ഉപഭോക്താക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. 2021ന് ശേഷം ആദ്യമായാണ് അരിവില ഇത്രയും വലിയ തോതിൽ ഉയരുന്നത്.






