കുറവിലങ്ങാട്: ബാല്യ കൗമാരങ്ങളുടെ ശാസ്ത്രാഭിമുഖ്യം വിളിച്ചോതുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു.
മുട്ടുചിറ സെൻറ് ആഗ്നസ് ഹൈസ്കൂളില്‍ നടക്കുന്ന മേള മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളില്‍ ശാസ്ത്രാവബോധവും സർഗ്ഗാത്മകതയും വളർത്തിയെടുക്കുന്നതില്‍ ശാസ്ത്രമേളകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂള്‍, സെന്റ് ആഗ്നസ് ഹൈസ്കൂള്‍, സെന്റ് ആഗ്നസ് എല്‍.പി. സ്കൂള്‍, ഗവ. യു.പി. സ്കൂള്‍, ഹോളി ഗോസ്റ്റ് ഫൊറോന പാരിഷ് ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം അഞ്ചിന് സമാപിക്കും. പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി. മേള എന്നിവയാണ് പ്രധാന വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജർ ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, സെന്റ് ആഗ്നസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിൻജ മാത്യൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, നോബി മുണ്ടക്കൻ, ജിൻസി എലിസബത്ത്, ജോസ് മൂണ്ടകുന്നേല്‍, കുറവിലങ്ങാട് എ.ഇ.ഒ ടി എസ് സുനിത റാണി, പി.ടി.എ പ്രസിഡന്റുമാരായ ക്ലിമെന്റ് ലാലു, സെബാസ്റ്റ്യൻ ഫിലിപ്പ്, ബിനോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.






