കുമരകം: കുട്ടനാടിന്റെ ശാപമായ ജർമ്മൻ പോള തിങ്ങി നിറഞ്ഞ് കുമരകം ചന്തത്തോട് ഗതാഗത യോഗ്യമല്ലാതായി. കായൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഏറ്റവുമധികം ദുരിതം നേരിട്ടുന്നത്.
പ്രശ്നം വിവാദത്തിലായതോടെ പഞ്ചായത്ത് പോള വാരി നീക്കാൻ തീരുമാനം എടുത്തു. ഇന്നു രാവിലെ മുതൽ യന്ത്രം ഉപയോഗിച്ച് പോള വാരി മാറ്റുകയാണ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്തപ്പാലത്തിലും വാള്ളാറപ്പള്ളി പാലത്തിലും തങ്ങിക്കിടന്ന പോള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തള്ളിവിട്ട് തോട് വൃത്തിയാക്കിയാരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയപടിയായി.
കിഴക്കുഭാഗത്തെ പാടങ്ങളിൽ നിന്നും തോടുകളിൽ നിന്നും തള്ളിവിട്ട പോളയും പുൽകൂട്ടങ്ങളും ചന്തത്തോട്ടിലെ മൂന്ന് പാലങ്ങളിലും തങ്ങിക്കിടന്നതോടെ തോട്ടിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
ഇപ്പോൾ പോള നീക്കി തോട് സഞ്ചാരയോഗ്യമാക്കിയാലും പോള നിറയാതിരിക്കാൻ ദീർഘകാല പദ്ധതി ആവിഷ്കരിച്ചില്ലെങ്കിൽ വീണ്ടും പോള വില്ലനായി ചന്തത്തോട് സഞ്ചാര യോഗ്യമല്ലാതാകും.






