കുമരകം : കുമരകം ടൂറിസം കേന്ദ്രത്തിലെ ഏക വാട്ടർപാർക്കായ വലിയമടക്കുഴിയുടെ വാതിലടച്ചു. കുളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനും പാർക്കിലേക്കുള്ള റോഡിലെ കൈയേറ്റങ്ങളുമാണ് വാട്ടർപാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്താൻ കാരണം. ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും അധികൃതരുടെ അനാസ്ഥയും കാരണമാണ് പാർക്കിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയതെന്ന് കരാറുകാരനായ ഗാർഗി രാജേഷ് പറഞ്ഞു.
അയ്മനം പഞ്ചായത്തിന്റെ കീഴിലുള്ള പാർക്കിന്റെ മേൽനോട്ടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. അയ്മനം ഗ്രാമപ്പഞ്ചായത്ത് പാർക്ക് 2024ൽ ഉദ്ഘാടനം ചെയ്തെങ്കിലും ജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നില്ല. പാർക്കിന്റെ നടത്തിപ്പ് ഡിടിപിസി ഏറ്റെടുത്തശേഷം 2025 ഏപ്രിൽ മാസം ഗാർഗി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്തു.
അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള വലിയമടക്കുഴി കുളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനും കവണാറ്റിൻകര റോഡിൽനിന്ന് പാർക്കിലേക്കുള്ള എട്ടുമീറ്റർ റോഡിലെ കൈയേറ്റങ്ങളും പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമായത്. കുളത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ കൂട്ടിമുട്ടി തീപ്പൊരി ഉണ്ടാകുന്നതുകൊണ്ട് പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് പെഡൽ ബോട്ടിങ് അടക്കമുള്ള ജലവിനോദങ്ങൾക്ക് കുളത്തിൽ ഇറങ്ങാൻ ഭയമാണ്. ഇത് പാർക്കിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
കരാർപ്രകാരം പ്രതിമാസം 1,10,000 രൂപയാണ് ഗാർഗി ഗ്രൂപ്പ് വാടക നൽകിവരുന്നത്. പദ്ധതി ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ വെള്ളപ്പൊക്കം ഉണ്ടായതോടെ ഏതാനും മാസം പാർക്ക് അടച്ചിട്ടു. 2024 മുതൽ ഒരു വർഷത്തോളം അടഞ്ഞുകിടന്ന പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം സജ്ജീകരിച്ചത് കരാറുകാരനായിരുന്നു. ആദ്യഘട്ടത്തിൽ 50 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പാർക്കിനെ പ്രവർത്തന സജ്ജമാക്കിയത്.
വൈദ്യുതലൈൻ മാറ്റാൻ ആവശ്യമായ 4.85 ലക്ഷം രൂപയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അധികൃതരില്ല. കെഎസ്ഇബി സ്വയമേ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയ്ക്ക് വൈദ്യുതിലൈൻ നീക്കം ചെയ്യാനും സാധിക്കും. എന്നാൽ തുടർനടപടികളുണ്ടായില്ല. റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനായി പഞ്ചായത്ത് ഒന്നും ചെയ്തില്ല.






