കോട്ടയം:ജില്ലയില്‍ പ്രകൃതി ക്ഷോഭത്തില്‍ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളില്‍ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം കഴിയുന്നത്ര വേഗത്തില്‍ പുനഃസ്ഥാപിക്കണം. പമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണം. ജില്ലയില്‍ ദുരിതാശ്വാസപ്രവർത്തനങ്ങള്‍ കാര്യക്ഷമമായാണ് മുന്നോട്ടുനീങ്ങുന്നതെന്ന് വിലയിരുത്തിയ സ്പീക്കർ ജനങ്ങളുടെ പരാതികളുണ്ടാകുന്പോള്‍ കഴിവതും വേഗത്തില്‍ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.
ക്യാമ്പുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ളം മുടങ്ങുന്നതായി വിവരം ലഭിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കണം. ക്യാമ്പുകളില്‍ നല്കുന്ന ഭക്ഷണം മികച്ചതാണെന്ന് ഉറപ്പുവരുത്തണം. വെള്ളം ഇറങ്ങിയാലുടൻ റോഡുകളുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ പൂർത്തിയാക്കണം. ഭക്ഷ്യക്ഷാമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിക്കണം. റേഷൻ വിതരണം സുഗമാക്കാനും ആവശ്യത്തിന് കരുതല്‍ ഉണ്ടെന്ന് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കണം.
വെള്ളപ്പൊക്കത്തിൻറെ മറവില്‍ സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീല്‍ദാർമാർ താലൂക്കുകളിലെ നിലവിലെ സ്ഥിതിയും ക്യാമ്പുകളുടെ പ്രവർത്തനവും വിശദീകരിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാധമിക വിവരങ്ങള്‍ വകുപ്പ് മേധാവികള്‍ അറിയിച്ചു.
ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലെർട്ടും വരും ദിവസങ്ങളില്‍ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർദേശിച്ചു. രാത്രിയാത്ര അപകടകരമാകുന്ന സാഹചര്യത്തില്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കണം. പൂഞ്ഞാർ അടക്കമുള്ള മലയോരമേഖലകളില്‍ മഴ തുടരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തില്‍ കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, ജില്ലാ പോലീസ് മേധാവി സാബു മാത്യൂ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി എന്നിവർ പങ്കെടുത്തു.






