കോട്ടയം: ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു.
മരണപ്പെട്ട ജോസ്ന സ്വന്തമായി ചിട്ടി നടത്തിയിരുന്നതായും, ചിട്ടിപ്പണം നൽകാനാകാത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വിദേശത്തുള്ളവർ ഉൾപ്പെടെ നിരവധി പേരാണ് ജോസ്ന നടത്തിയ ചിട്ടികളിൽ അംഗങ്ങളായിരുന്നത്. 10 ലക്ഷം രൂപ വരെയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇതിൽ 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്ന വിദേശത്തുള്ള യുവാവിന് ജൂലൈ മാസത്തിൽ തുക നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നൽകാൻ കഴിഞ്ഞില്ല. മാസം 50,000 രൂപ വീതമായിരുന്നു യുവാവ് ചിട്ടിയുടെ അടവായി നൽകിയിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് പണം നൽകാൻ കഴിയാത്തതെന്ന് ജോസ്ന യുവാവിനെ അറിയിച്ചിരുന്നതായാണ് വിവരം.
കുടുംബം വിഷം കഴിച്ച ദിവസം മണർകാട് വച്ച് പണം കൈമാറാമെന്ന് ജോസ്ന ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ യുവാവിന്റെ കുടുംബാംഗങ്ങൾ മണിക്കൂറുകളോളം മണർകാട്ട് കാത്തുനിന്നെങ്കിലും ജോസ്ന എത്തിയില്ല.
അതേസമയം, ജോസ്നയ്ക്കൊപ്പം നേരത്തെ ചിട്ടിയിൽ ചേർന്നിരുന്ന പലർക്കും കൃത്യമായി പണം നൽകിയിരുന്നതായും, ഇതിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുള്ള യുവാവും ചിട്ടിയിൽ ചേർന്നതെന്നും വിവരം ലഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ജോസ്നയെയും കുടുംബാംഗങ്ങളെയും അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് കളനാശിനിയുടെ കുപ്പിയും കണ്ടെത്തി.
തിങ്കളാഴ്ച ഉച്ച മുതൽ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്ന് വൈകിട്ട് ജോസ്നയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






