കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം - ടിബി റോഡിൽ അപകട ഭീഷണി ഉയർത്തി മരം.വൈദ്യുതി ലൈനിനോട് ചേർന്ന് നിൽക്കുന്ന ഉണങ്ങിയ മരം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
കുരിശുങ്കലിൽ നിന്നുള്ള റോഡ് ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി അടച്ചതോടെ മണിമലയിലേക്കുള്ള പ്രധാന ഗതാഗത പാതയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം - ടിബി റോഡ്.
ഹൈടെൻഷൻ വൈദ്യുതി ലൈനിനോട് ഏതാണ്ട് ഉരസി നിൽക്കുന്ന മരം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
മരം ഒടിഞ്ഞ് വീണാൽ വൈദ്യുതി ലൈൻ പൊട്ടി തീപിടിത്തവും വൈദ്യുതാഘാതവും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്
ദിവസവും സ്കൂൾ ബസുകളും സ്വകാര്യ ബസുകളുമടക്കം നൂറുണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്ന വഴിയാണിത്.
നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും മരം വെട്ടിമാറ്റാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കുന്നുംഭാഗം മുതൽ മണ്ണാറക്കയം വരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ശക്തമായ കാറ്റ് വീശിയാൽ താഴെ വിഴുന്ന അവസ്ഥയിലാണ്.






