കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വിദ്യാർത്ഥിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി.
ഉള്ള്യേരി സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്റെ ഇടതുകൈവിരലിനാണ് ചലനശേഷി നഷ്ടമായത്. കുന്നത്തറ എഴുകുളത്തില്‍ സനല്‍രാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു കുട്ടി.
അവിടെ മുറിവ് തുന്നിച്ചേർത്ത് വിട്ടയക്കുകയായിരുന്നു. എന്നാല്‍, ഒരു മാസത്തിന് ശേഷം വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കുട്ടിയുടെ ചലനവള്ളി (ടെൻഡൻ) മുറിഞ്ഞുപോയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനായി ജൂണ്‍ 11-ന് കുട്ടിയെ വലിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പൂർണ്ണമായും ചലനശേഷി തിരികെ ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ പിതാവ് ചികിത്സയ്ക്കും പരിചരണത്തിനുമായി ഏറെ കഷ്ടപ്പെടുകയാണ്. ചികിത്സാപ്പിഴവ് വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജനപ്രതിനിധികള്‍, ഡി.എം.ഒ എന്നിവർക്ക് കുടുംബം പരാതി നല്കി.






