കോട്ടയം: കുടയംപടി മെഡിക്കല്‍ കോളേജ് റോഡിലെ ഭീഷണിയായി തുറന്ന ഓടകൾ. ഏഴ് വർഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഓടകളാണ് ഇന്നും തുറന്നുകിടക്കുന്നത്.
ഓടകള്‍ മൂലം കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്. മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന റോഡായതിനാല്‍ ദിവസവും നൂറുകണക്കിന് വാഹനങ്ങളും തുടർച്ചയായി ആംബുലൻസുകളും കടന്നുപോകുന്നുണ്ട്. പാഞ്ഞെത്തുന്ന വാഹനങ്ങള്‍ ഓടയിലേക്ക് പതിച്ചാല്‍ വലിയ അപകടമാകും സംഭവിക്കുക.
വശം ചേർത്താല്‍ കുഴിയില്‍
വാഹനങ്ങള്‍ റോഡിന്റെ വശം ചേർന്നുപോയാല്‍ ഓടയില്‍ പതിക്കും എന്നതാണ് അവസ്ഥ. പലവട്ടം ഇത് സംഭവിച്ചു. രാത്രിയില്‍ റോഡ് പരിചയമില്ലാത്തവർ അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ട്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്തും ഓടകള്‍ക്ക് മൂടിയില്ല.
പരാതി, പക്ഷേ നടപടിയില്ല
പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന ഈ ഭാഗം പി.ഡബ്ല്യു.ഡി ഏറ്റുമാനൂർ സബ് ഡിവിഷന്റെ പരിധിയിലാണ്. 2024ല്‍ ഓടകള്‍ക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല.






