ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളജിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ രോഗികളില്‍നിന്ന് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നതായി ആക്ഷേപം.
പുറത്തെ വിലയേക്കാള്‍ ഒമ്പത് മടങ്ങു വരെ വില ഈടാക്കുന്നുണ്ടെന്ന് ഐഎൻടിയുസി ഏറ്റുമാനൂർ റീജണല്‍ കമ്മിറ്റി ആരോപിച്ചു. നീതി മെഡിക്കല്‍ സ്റ്റോർ എല്ലാ മരുന്നുകളും നിശ്ചിത ശതമാനം കിഴിവില്‍ വില്ക്കണമെന്നിരിക്കേയാണ് മാർക്കറ്റിലേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്കാണ് ഇതിന്റെ ബാധ്യതയെന്നും വ്യാപകമായ പരാതിയുണ്ടെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് പറഞ്ഞു. ഡിസിഎച്ചില് കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരുന്നുകളുടെ അന്യായ വിലയ്ക്കെതിരേ ഐഎൻടിയുസി ഏറ്റുമാനൂർ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീതി മെഡിക്കല്‍ സ്റ്റോറിനു മുന്നില്‍ നടത്തിയ സമരം ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
റീജണല്‍ പ്രസിഡന്റ് അച്ചൻകുഞ്ഞ് ചേക്കോന്തയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു കുമ്പിക്കൻ, ബിജു വലിയമല, എം.എ. ഷാജി, സക്കീർ ചെങ്ങമ്പള്ളി, ആർപ്പൂക്കര തങ്കച്ചൻ, ബിന്റോ ജോസഫ്, അരുണ്‍ ഫിലിപ്പ്, വി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
റോയ് പുതുശേരി, സുനു മരങ്ങാട്ട്, ജയകുമാർ, ചാണ്ടി മണലേല്‍, തോമസ് പുളിങ്ങാപ്പള്ളി എന്നിവർ നേതൃത്വം നല്കി.
[10:25 AM, 7/11/2026] SOMAN: Shared Via Malaya






