കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആർ.ജെ.ഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ യാത്രക്കാർക്ക് കൂട്ടിയിടിക്കാതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്റ്റാൻഡിൽ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കടമുറികൾ. ഓഫീസ് മുറികളിൽ ജീവനക്കാർക്ക് നിന്നുതിരിയാൻ സ്ഥലമില്ല.
യാത്രക്കാർ നിൽക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴ പെയ്താൽ ബസിൽ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്കരം. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയിൽ സെക്യൂരിറ്റി ഗാർഡില്ല. പമ്പ് ഓപ്പറേറ്റർ ഇല്ല. സി.എൽ.ആർ ജീവനക്കാർ ഇല്ല. രാത്രി 10 മുതൽ രാവിലെ 6 വരെ എൻക്വയറി കൗണ്ടർ പ്രവർത്തിക്കുന്നില്ല. വർക്ക് ഷോപ്പിലെ റാമ്പിൽ മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കും.
ബസുകൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു. ഈ ദുരവസ്ഥകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കും കെ.എസ്.ആർ.ടി.സി അധികാരികൾക്കും പരാതി നൽകുന്നതിന് തീരുമാനിച്ചു.
ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആർ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യൻ, ജില്ലാ സെക്രട്ടറി ജോർജ് മാത്യു, ഏബ്രഹാം പി. മാത്യു, ബേബി ജോസഫ്, എ.ടി. ജയൻ, സുജാത ജോർജ് എന്നിവർ പ്രസംഗിച്ചു.






