കോട്ടയം: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കോട്ടയത്തെ വാഹന ഗതാഗതം താറുമാറായി. മിക്ക ഇടറോഡുകളും വെള്ളത്തിനടിയിലായതോടെ എം.സി. റോഡും കെ.കെ. റോഡും ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെയുള്ള ഭാഗങ്ങളില്‍ എം.സി. റോഡിലേക്കു സന്ധിക്കുന്ന കിഴക്കന്‍ റോഡുകള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി. കോട്ടയം നഗരത്തില്‍ കുര്യന് ഉതുപ്പ് റോഡിലും നാഗമ്പടത്തും വെള്ളം ഉയര്‍ന്നു ഗതാഗതം താറുമാറായി. മണര്‍കാട് ബൈപ്പാസില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
ഇടറോഡുകളില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ പ്രധാന റോഡുകള്‍ ആശ്രയിച്ചത് രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമായി. കെ.കെ. റോഡില്‍ മണര്‍കാട് മുതല്‍ കോട്ടയം വരെ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
ഇല്ലിക്കൽ, ചെങ്ങളം മേഖലകളിൽ റോഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതിനെ തുടർന്ന് കോട്ടയം–ചേർത്തല റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. ചങ്ങനാശേരി–ആലപ്പുഴ റൂട്ടിലെ കിടങ്ങറ ഭാഗത്ത് ഒരു കിലോമീറ്ററിലധികം റോഡ് വെള്ളത്തിനടിയിലാണ്. എം.സി. റോഡിന്റെ ഇരുഭാഗങ്ങളിലുമായി വാഹനങ്ങൾ കിലോമീറ്ററുകളോളം കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ജില്ലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.






