കോട്ടയം : കോട്ടയത്ത് നാലാം ദിനത്തിലും പ്രളയദുരിതം തുടരുന്നു. ഇന്നലെ പകല്‍ കാര്യമായി മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറന്‍ മേഖല ഇപ്പോഴും വെള്ളത്തിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, അയർക്കുന്നം, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയുടെ താഴ്ന്ന പ്രദേശങ്ങളിലുമാണ് ഏറ്റവും അധികം വെള്ളക്കെട്ടും ദുരിതവും.
കോട്ടയം-കുമരകം റോഡിൽ വെള്ളം ഇറങ്ങാത്തതിനാൽ ഗതാഗതം സാധ്യമല്ല. നാലു ദിവസമായി റോഡിൽ വെള്ളക്കെട്ടാണ്. എണ്ണായിരത്തോളം ആളുകളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിലേക്കു മടങ്ങുന്നുണ്ട്. വീടുകളും സ്ഥാപനങ്ങളും ശുചീകരണം നടത്തിയാണ് തിരിച്ചു കയറുന്നത്.
മഴയുടെ ശക്തി കുറഞ്ഞതിനാൽ മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകളിൽ ജലനിരപ്പ് താഴ്ന്നു. വൈക്കം താലൂക്കിലും ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശത്തും വെളളക്കെട്ട് ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ് എസി റോഡിന്റെ സമീപത്തുള്ള വീടുകൾ വെള്ളം കയറി മൂടിയിരിക്കുകയാണ്.
ഇവിടെയുള്ളവരെല്ലാം വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലാണ്. റോഡിൽ പലയിടത്തും വെള്ളക്കെട്ടുമുണ്ട്. മഴ രാത്രികൂടി മാറിനിന്നാൽ നാളെ പൂർണമായും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അപ്പർകുട്ടനാട് നിവാസികൾ.






