കാഞ്ഞിരപ്പള്ളി : മണിമല റോഡിൽ കുരിശുങ്കലിനു സമീപം ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണ് നിർമിക്കുന്ന സ്ഥലത്തെ ഗതാഗതനിയന്ത്രണം നീക്കി വാഹനങ്ങൾ ഓടിത്തുടങ്ങി. തൂൺ നിർമിക്കുന്നതിനായി എടുത്ത കുഴി പൂർണമായി മൂടിയതോടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുങ്ങിയത്. എന്നാൽ പഞ്ചായത്ത് അധികൃതരോ മോൽപ്പാലം നിർമാണം നടത്തുന്നവരോ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് അനുമതി നൽകിയിരുന്നില്ല. മണ്ണിട്ടഭാഗം പൂർണമായി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
മഴപെയ്താൽ ഈ ഭാഗം ചെളിയായി താഴാനുള്ള സാധ്യതയുമുണ്ട്. മണ്ണിട്ട ഭാഗം ഉറപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന തൂണിൽനിന്ന് രണ്ടുമീറ്റർ അകലെക്കൂടി മാത്രമേ ഗതാഗതം അനുവദിക്കാൻ കഴിയുകയുള്ളൂവെന്ന് നിർമാണപ്രവർത്തനം നടത്തുന്ന കമ്പനി അധികൃതർ അറിയിച്ചു. കഴിഞ്ഞ 19-ന് ബസുടമകൾ സമരം പ്രഖ്യാപിച്ചതോടെയാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതെ തുടർന്ന് റോഡിലെ ഗതാഗതം അടച്ച് മണ്ണിടുന്ന പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു.
കഴിഞ്ഞ മേയ് 18നാണ് കുരിശുങ്കലിൽ മേൽപ്പാലത്തിന്റെ തൂണ് നിർമിക്കുന്നതിനായി റോഡ് അടച്ചത്. എന്നാൽ ഒരുമാസം മുൻപ് ചെറുവാഹനങ്ങൾ കടന്നുപോകുന്നതിന് റോഡ് തുറന്നുനൽകിയിരുന്നു. റോഡ് അടച്ചതോടെ കുന്നംഭാഗത്ത് ടി.ബി. റോഡിലൂടെയാണ് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോയിരുന്നത്. മണിമല റോഡിൽ മണ്ണനാനിയിൽ റോഡ് തുറക്കാത്തതിനാൽ മൂന്നാംമൈലിൽനിന്ന് തിരിഞ്ഞാണ് മണിമലയ്ക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.






