കോട്ടയം : ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി ഡോക്ടർമാരുടെ സ്ഥാനക്കയറ്റം വൈകുന്നതിനാൽ ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് നിരവധി തസ്തികകൾ. ഇതോടെ കുടുംബാരോഗ്യകേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾ വരെ പ്രതിസന്ധിയിൽ. മൂന്ന് മാസമായി ആരോഗ്യവകുപ്പിലെ സ്ഥാനക്കയറ്റങ്ങൾ നിലച്ച അവസ്ഥയിലാണ്.
വിരമിച്ചവർക്കും സ്ഥലംമാറിപ്പോയവർക്കും പകരമായി നിയമനം നടക്കുന്നില്ല. രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഡോക്ടർമാർ കുറയുന്നത് സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കൺസൾട്ടന്റുമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പാമ്പാടി താലൂക്ക് ആശുപത്രി, ചങ്ങനാശേരി, പാലാ ജനറൽ ആശുപത്രികൾ, മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം ഇതേ കാരണത്താൽ ഡോക്ടര്മാരുടെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി ചേർന്ന് വേണം സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ. ഇതിന് ഓരോ ആശുപത്രിയിലെയും ഡോക്ടർമാരുടെ പ്രവർത്തനം വിലയിരുത്തുന്ന കോൺഫിഡൻഷ്യൽ റിപ്പോര്ട്ട് വാങ്ങണം. ഇതൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നാണ് ആക്ഷേപം.






