കോട്ടയം : വഴിവിളക്കുകൾ മിഴിയടച്ചതോടെ കോട്ടയം പട്ടണം ഇരുട്ടിലായി. സന്ധ്യമയങ്ങി വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ നഗരവും നഗരപ്രാന്തങ്ങളും കൂരിരുട്ടിലാണ്. സെൻട്രൽ ജംഗ്ഷൻ, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കറി ജംഗ്ഷൻ, ലോഗോസ്, കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളില്ലാം സന്ധ്യമയങ്ങിയാൽ ഇരുട്ടാണ്.
രാത്രിയിൽ നിരവധി പേർ ബസ് കാത്തുനില്ക്കുകയും ബസിൽ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കറി ജംഗ്ഷനിൽ പെട്രോൾ പമ്പ്, രാത്രി കടകൾ എന്നിവിടങ്ങളില്‍നിന്നുള്ള വെളിച്ചമാണ് യാത്രക്കാരുടെ ആശ്രയം. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന നിരവധി യാത്രക്കാരാണ് ലോഗോസ് ജംഗ്ഷനിൽ രാത്രിയില്‍ ബസ് കാത്തുനിൽക്കുന്നത്. ഇവിടെ കൂരാക്കൂരിരുട്ടാണ്. നഗരകവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കോടിമതയിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്ഥമല്ല.
നാഗമ്പടത്തെ റൗണ്ടാനയിൽ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബൾബുകൾ മാത്രമാണ് പ്രകാശിക്കുന്നത്. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും മൂന്ന് സോളാർ ലൈറ്റുകളുമുണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകളായി. നാഗമ്പടം മേല്‍പാലത്തിലും വെളിച്ചമില്ല. ഇവിടെയും ട്രെയിനിൽ എത്തുന്ന നിരവധി പേർ ബസ് കാത്തുനില്‍ക്കുന്നതാണ്. മേല്‍പാലത്തിലെ ഫുട്പാത്തിൽ സ്ലാബുകൾ ഇളകിക്കിടക്കുന്നത് കാല്‍നടയാത്രക്കാരെ വലയ്ക്കുകായും ചെയ്യുന്നുണ്ട്.
മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പലരും ഇതുവഴി നടന്നുപോകുന്നത്. നഗരത്തെ പ്രകാശപൂരിതമാക്കാൻ നിലാവ് എന്ന പേരിൽ ആരംഭിച്ച നഗരവെളിച്ച പദ്ധതിയിലെ ലൈറ്റുകളും തെളിയുന്നില്ല. എംസി റോഡിലും കെകെ റോഡിലും ചില ലൈറ്റുകൾ മാത്രമാണ് പ്രകാശിക്കുന്നത്. എംസി റോഡിൽ നിരവധി സോളാർ വിളക്കുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. പലതും വാഹനങ്ങൾ ഇടിച്ചു തകർന്നും ബാറ്ററികൾ നഷ്ടപ്പെട്ട നിലയിലുമാണ്.
നഗരസഭയിലെ 53 വാർഡുകളിലും വഴിവിളക്കുകൾ തെളിക്കുന്നതിന് ഫലപ്രദമായൊരു പദ്ധതി നിലവിലില്ല. അടിയന്തരമായി ഒരു പദ്ധതി ആവിഷ്കരിക്കുകയും വഴി വിളക്കുകൾ തെളിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.






