കോട്ടയം: അന്യസംസ്ഥാനങ്ങളില്‍നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വില്‍ക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് 22കാരിയായ അസം സ്വദേശി പൊലീസിന് മൊഴി നല്കി.
ഇവരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അർജുൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. അർജുന്റെ സഹോദരീ ഭർത്താവാണ് രാജ. സ്വന്തം വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് അസം സ്വദേശിനി നാട് വിട്ടത്. തുടർന്ന് അമ്മയെയും കുട്ടിയെയും സംരക്ഷിക്കുന്ന ഇടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞു. അങ്ങനെയാണ് തീക്കോയില്‍ അർഷിവ് കെയർ എന്ന സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്.
പിന്നീട് യുവതി അർഷിവ് കെയറുമായി ബന്ധപ്പെട്ടു. തുടർന്ന് കാർത്തിക എന്ന് പരിചയപ്പെടുത്തിയ ആള് കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചുനല്‍കിയെന്ന് യുവതി പറയുന്നു. 10 ദിവസം മുൻപാണ് യുവതി തീക്കോയില്‍ എത്തിയത്. സ്ഥാപനത്തില്‍ എത്തിയതിന് ശേഷം ഒരാള്‍ കുഞ്ഞിനെ തന്നാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
കുഞ്ഞിന് വിലയിട്ടപ്പോഴാണ് തട്ടിപ്പാണ് നടക്കുന്നതെന്ന് യുവതിക്ക് മനസിലായത്. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട് കോട്ടയത്തുള്ള ചാരിറ്റബിള്‍ ട്രസ്റ്റില്‍ അഭയം തേടുകയായിരുന്നു. ട്രസ്റ്റ് വഴിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു






