കോരുത്തോട്: പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വനാതിർത്തി മേഖലയിൽ കൊമ്പുകുത്തി, കണ്ണാട്ട് കവല മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് തടയുന്നതിനുള്ള നവീകരണം ആരംഭിച്ചു.
കണ്ണാട്ട് കവല മുതൽ പന്നിവെട്ടുപാറ വരെയുള്ള ഭാഗത്തെ കിടങ്ങുകളുടെ നവീകരണമാണ് പുരോഗമിക്കുന്നത്.
നിലവിൽ നിർമ്മിച്ച കിടങ്ങിലൂടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവായിരുന്നു. പൂഞ്ഞാർ എം.എൽ.എ എം.ജെ.സെബാസ്റ്റ്യൻ അടക്കമുള്ള ജനപ്രതികൾ സ്ഥലം സന്ദർശിച്ച് കിടങ്ങ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
നിലവിലെ കിടങ്ങിന്റെ വശത്തെ പാറയിൽ കൂടി വന്യമൃഗങ്ങൾ കിടങ്ങ് മറികടന്ന് എത്തുന്നതിനാൽ കിടങ്ങുകളുടെ വശത്ത് നിൽക്കുന്ന പാറകൾ പൊട്ടിച്ചു നീക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
7 കോടി 20 ലക്ഷം രൂപ മുടക്കി പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വനാതിർത്തി മേഖലയിൽ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണാട്ട് കവലയിലും കിടങ്ങുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.






