കോട്ടയം: നാഗമ്പടത്തെ
നഗരസഭയുടെ 'വനിതകളുടെ കൂട്ടുകാരി' പേരിലുള്ള മുലയൂട്ടൽ കേന്ദ്രം ഒന്നരവർഷത്തിലേറെയായി അടഞ്ഞു തന്നെ
കുഞ്ഞുമായി ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾക്ക് സ്വകാര്യതയോടെ മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനും സൗകര്യമില്ലാത്ത അവസ്ഥയും.
നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകളിലൊന്നാണിത്.
ബസ് സ്റ്റാൻഡിനുള്ളിൽ ചെറിയ മുറിയിലാണ് മുലയൂട്ടൽ കേന്ദ്രം ഒരുക്കിയിരുന്നത്.
ഇവിടെ ഒരു ഇരിപ്പിടം പോലും ഒരുക്കിയിട്ടില്ല.
വെളിച്ചവും ശുദ്ധജലവും ലഭ്യമല്ല. നിരവധി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കേന്ദ്രത്തിലുണ്ട്.
കേന്ദ്രം അടഞ്ഞുകിടക്കുന്നതിനാൽ പരിസരം പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായും പരാതിയുണ്ട്.
മുലയൂട്ടൽ കേന്ദ്രത്തിന്റെ മുൻഭാഗത്ത് യാചകർ വിശ്രമിക്കുന്നത് പതിവാണ്.
തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കേന്ദ്രത്തിന്റെ പരിസരത്ത് എത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്.
കേന്ദ്രംപ്രവർത്തിക്കുന്നുണ്ടോയെന്ന് നഗരസഭ അധികൃതർക്ക് നിശ്ചയമില്ല.
പൊതുസൗകര്യം നശിക്കാനും ഇതാണ് കാരണം.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഏറെ ആശ്വാസമാകേണ്ട സംവിധാനം അടച്ചുപൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.






