കോട്ടയം: കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയ കുപ്രസിദ്ധ ഗുണ്ട സിജോ സെബാസ്റ്റ്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഫാരീസ് (21)നെയാണ് ക്രൂരമായി ആക്രമിച്ചത്.
കഴിഞ്ഞ 26 ന് രാത്രി ഫാരീസ് മലയക്കുന്നു ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴി പൂച്ചമുക്കു ഭാഗത്ത് വെച്ച് സിജോ സെബാസ്റ്റ്യനും സുഹൃത്തുക്കളായ അയൂബും രാജേഷും ആസിഫ് കാസിമും ചേർന്ന് കാർ തടഞ്ഞു വെച്ച് സച്ചിൻ എന്നയാളെ തിരക്കി.
അറിയില്ലെന്ന് പറഞ്ഞ ഫാരിസിനെ വിട്ടയച്ച പ്രതികൾ തിരികെ വരുമ്പോൾ വീണ്ടും വാഹനം നിർത്തിച്ചു. സച്ചിനെ ഫോണിൽ വിളിച്ച് ഇരുവരും ഫോണിൽ സംസാരിച്ചു. ഇതിനിടെ കാറിന്റെ താക്കോൽ ആസിഫ് എടുത്തു കൊണ്ട് പോയി. താക്കോൽ വാങ്ങുന്നതിനായി കാറിൽ നിന്നിറങ്ങിയ യുവാവിനെ രാജേഷ് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചു.
ഇതിനിടെ സിജോണി ഫാരീസിന്റെ വയറിൽ ഇടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. കേസിന് പോവുകയാന്നെകിൽ കൊന്നു കളയുമെന്നും ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കൊലപാതകവും മയക്കുമരുന്ന് കച്ചവടവും പിടിച്ചുപറിയുമടക്കം നിരവധി കേസുകളിലെ പ്രതിയാണ് തൃക്കൊടിത്താനം സ്വദേശി സിജോ സെബാസ്റ്റ്യൻ. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി,തൃക്കൊടിത്തനം, ഒല്ലൂർ എന്നി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്.






