കോട്ടയം : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ കോളേജ് അധ്യാപികയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
മലപ്പുറം എടപ്പാൾ സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (38) നെ ആണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 മണിയോടെയാണ് സംഭവം. കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രയ്ക്കായി എത്തിയ കോളേജ് അധ്യാപികയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചുകൊണ്ടുപോയത്.
പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മിനിറ്റുകൾക്കകം പിടികൂടിയത്.
കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ എസ്.ഐ. വിപിൻ, പ്രൊബേഷണറി എസ്.ഐ. അജയ്, എ.എസ്.ഐ. സജി, എസ്.സി.പി.ഒ. അരുൺകുമാർ, സി.പി.ഒമാരായ വിനയചന്ദ്രൻ, അനുലാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ പ്രശാന്തിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷ മോഷണം, ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വധശ്രമം, പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ പിക്കപ്പ് വാൻ മോഷണം, തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ അബ്കാരി കേസ് എന്നിവയാണ് നിലവിലുള്ളത്.
യാത്രക്കാരിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തുടർനടപടികൾക്ക് ശേഷം ശേഷം കോടതിയിൽ ഹാജരാക്കും.






