കോട്ടയം: നഗരത്തിൽ ചിലയിടങ്ങളിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു ദുരിതമാകുന്നു.രാത്രി യാത്രക്കാർക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ആശ്രയം. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഇവിടങ്ങൾ ഇരുട്ടിലാകും.
സെന്‍ട്രല്‍ ജംഗ്ഷന്, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, ലോഗോസ്, കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം കടകൾ അടയ്ക്കുന്നതോടെ ഇരുട്ടിലാണ്.
ഇവിടങ്ങളിലെല്ലാം സമീപത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചമാണുള്ളത്. രാത്രികാലത്തും ഏറെ യാത്രക്കാര്‍ ബസ് കാത്തുനില്ക്കുകയും ബസില്‍ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പ്, രാത്രി കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ആശ്രയം.
നഗരകവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്തമല്ല. നാഗമ്പടത്തെ റൗണ്ടാനയില്‍ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബള്‍ബുകള്‍ മാത്രമാണ് ആശ്രയം. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും മൂന്ന് സോളാര്‍ ലൈറ്റുകളും ഉണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകളായി.
നാഗമ്പടം മേല്‍പ്പാലത്തിലും വെളിച്ചമില്ല. മേല്‍പ്പാലത്തിലെ ഫുട്പാത്തില്‍ സ്ലാബുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലാണ്.
മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പലരും ഇതു വഴി യാത്ര ചെയ്യുന്നത്. വെളിച്ചമില്ലാത്തതിനാല്‍ റോഡിലിറങ്ങി നടക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. നഗരത്തെ പ്രകാശപൂരിതമാക്കാന്‍ ‘നിലാവ് ’ എന്ന പേരില്‍ ആരംഭിച്ച നഗരവെളിച്ച പദ്ധതി പ്രകാരമുള്ള ലൈറ്റുകള്‍ എല്ലാം മിഴിയടച്ചിട്ട് മാസങ്ങളായി.
പ്രധാന പാതയായ എംസി റോഡിലും കെകെ റോഡിലും അങ്ങിങ്ങായുള്ള ചില ലൈറ്റുകള്‍ ഒഴിച്ചാല്‍ വെളിച്ചമേയില്ല. എംസി റോഡില്‍ നിരവധി സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗ ശൂന്യമാണ്.
പലതും വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നും ബാറ്ററികള്‍ നഷ്ടപ്പെട്ട നിലയിലുമാണ്. കുമരകം റോഡ്, പുതുപ്പള്ളി റോഡ് എന്നിവയിലും സ്ഥിതി വ്യത്യസ്തമല്ല. നഗരപ്രാന്തത്തിലുള്ള മിക്ക റോഡുകളിലെ അവസ്ഥയും ഇതൊക്കെത്തന്നെയാണ്.






