കഠിനംകുളം: ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കഠിനംകുളത്ത് അമ്മൂമ്മയെ ചെറുമകന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വെട്ടുത്തുറ പുതുവല്‍ പുരയിടത്തില്‍ ഷിബിനെയാണ് (24) കോടതി റിമാന്‍ഡ് ചെയ്തത്. ചാന്നാങ്കര താബൂക്ക് കമ്പനിക്കു സമീപമുള്ള വാടകവീട്ടില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്ന വെട്ടുത്തുറ പുതുവല്‍ പുരയിടത്തില്‍ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ മേഴ്സി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ഷിബിന്‍ മദ്യപിച്ചെത്തുന്നത്.
മത്സ്യവില്പ്പനയിലൂടെയും ഭര്‍ത്താവ് ഐനീസിന്റെ കടല്പ്പണിയിലൂടെയും ലഭിച്ച 8,000 രൂപ മേഴ്സിയുടെ പക്കലുണ്ടെന്ന് ഷിബിന്‍ മനസ്സിലാക്കിയിരുന്നു.
തുടര്‍ന്ന് ഈ പണം ആവശ്യപ്പെട്ട് മേഴ്സിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പണം നല്‍കില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഷിബിന്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയും തല ചുമരില്‍ ഇടിക്കുകയുമായിരുന്നു.
തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയും തറയില്‍ വീണ മേഴ്സിയെ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു






