തിരുവനന്തപുരം: യുഡിഎഫില്‍ ഒരു പ്രശ്നവുമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മന്ത്രിസഭയില്‍ എല്ലാവരും ഒരുമിച്ച് ഒരു ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്.
എൻ്റെ വകുപ്പില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ താനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ട്. അതാത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചിട്ടാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്. ഇപ്പോള്‍ വൈദ്യുതിയുടെ ആവശ്യമില്ല എന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭാവിയില്‍ വേണ്ടി വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു.
പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയില്‍ ചർച്ച ചെയ്യാറുണ്ട്. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു പോകും. ചർച്ചകളും കൂടിയാലോചനകളും ഒക്കെ നടക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എൻഡോക്രൈനോളജി വകുപ്പ് മേധാവി യോഗ്യതാ വിവാദത്തിലും മന്ത്രി പ്രതികരിച്ചു.
വിഷയത്തില്‍ പരിഹാരം ഉണ്ടാകും. താൻ ഇന്നലെ വന്നതേയുള്ളൂ. വകുപ്പ് മേധാവിയായി പുതിയ ആള് വരും. മെഡിക്കല്‍ കോളേജില്‍ ലാബ് തുടങ്ങുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് വേണ്ടിയാണ്. CSR ഫണ്ട് ആരു തന്നാലും വാങ്ങും. മെഡിക്കല്‍ കോളേജിന്റെ പൊതുസ്വത്തില്‍ ആരെയും കയ്യിടാൻ ഞങ്ങള്‍ അനുവദിക്കില്ല. ഉപകരണങ്ങള്‍ വാങ്ങുന്നത് സുതാര്യമായിട്ടാണ്. പത്തുവർഷം ഇതൊക്കെ നശിപ്പിച്ചവർക്ക് ഇപ്പോള്‍ എല്ലാം നേരെയായി കാണുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണ്. അതിനുള്ള മരുന്ന് ഞങ്ങളുടെ കയ്യിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






