ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.
കസ്റ്റഡി അപേക്ഷയില്‍ പ്രോസിക്യൂഷൻ വാദം കേള്‍ക്കുന്നതിനായി ഹർജി ഈ മാസം 19ലേക്കാണ് ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് മാറ്റിയത്.
കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെ മുമ്പ് കസ്റ്റഡിയില്‍ വിട്ട ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ആഗസ്റ്റ് 17നാണ് കരുവാറ്റയില്‍ 65കാരനെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉള്‍പ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു.
അന്വേഷണത്തില്‍ കൊച്ചുമകളുടെ നിർദേശ പ്രകാരം ആണ്‍സുഹൃത്തുകളാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് ഐ ഫോണും സുഹൃത്തുക്കള്‍ക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം.
അറസ്റ്റിലായ ആണ്‍കുട്ടികള്‍ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെണ്‍കുട്ടി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തിലും കഴിയുകയാണ്.






