കോട്ടയം : കാഞ്ഞിരപ്പള്ളി ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണിന്റെ അടിത്തറയുടെ കോൺക്രീറ്റിങ് നടത്തി. സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടാഴ്ചയായി പാലത്തിന്റെ തൂൺ പണി മുടങ്ങി കിടക്കുകയായിരുന്നു. ദേശീയപാത 183ൽ പഞ്ചായത്ത് ഓഫീസ് വളവിൽ നിന്ന് കാഞ്ഞിരപ്പള്ളി-മണിമല റോഡിനും ചിറ്റാർ പുഴയുടെയും മുകളിലൂടെ ടൗൺഹാളിന് സമീപം ചെന്ന് കയറുന്നതാണ് മേൽപ്പാലം.
ആദ്യം തയ്യാറാക്കിയ പ്ലാനിൽ പാലത്തിന്റെ പ്രധാനപ്പെട്ട തൂണുകളിൽ ഒന്നായ പി വൺ പില്ലറിന് 2.3 മീറ്റർ ഉയരമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ദേശിച്ചനിലയിൽ അടിത്തറയിൽ പാറ കണ്ടെത്താൻ കഴിയാതിരുന്നതും ലഭ്യമായ പാറയ്ക്ക് ചെരിവുണ്ടായിരുന്നതിനാലും പില്ലറിന്റെ ഉയരം 3.5 മീറ്ററായി നിശ്ചയിക്കേണ്ടി വന്നു.
പാലത്തിന്റെ രൂപരേഖയിൽ മാറ്റം വന്നതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. അംഗീകാരം ലഭിക്കാൻ വൈകിയതാണ് കോൺക്രീറ്റിങ് വൈകാൻ കാരണം.






