വൈക്കം: ലോറിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പെർമിറ്റില്ലാത്ത 3.5 ടണ്‍ കക്കാത്തോട് ഫിഷറീസ് അധികൃതർ പിടികൂടി.
വെച്ചൂർ ബണ്ട് റോഡിനു സമീപം ചേരകുളങ്ങര ഭാഗത്തുനിന്നുമാണ് കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കക്കസംഘങ്ങള്ക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് 200 കിലോയില്‍ കൂടുതല്‍ കക്കയോ കക്കാതോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കില്‍ പെർമിറ്റ് നിർബന്ധമാണ്. സമീപ ദിവസങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കാതോട് കടത്താൻ ശ്രമിച്ചവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.
ഫിഷറീസ് വകുപ്പ് നല്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തില്‍ കക്ക സംഘങ്ങള്‍ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കാതോട് വാഹനങ്ങളില്‍ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിയമാനുസൃത രേഖകളില്ലാതെ വെച്ചൂർ ബണ്ട് റോഡ് ഭാഗത്ത് വാഹനത്തില്‍ കക്കാതോട് കയറ്റി പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്.
നിയമലംഘനം നടത്തിയവർക്കെതിരെ കെഐഎഫ്എ ആക്ട് (KIFA act) പ്രകാരം 15,900 രൂപ പിഴ ഈടാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.






