ഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈനികനായ സൌരഭ് തോമറിന് വെടിയേറ്റത്. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡൻറ്സ് ബോഡിഗാർഡ് റെജിമെൻറിലെ സൈനികനാണ് സൌരഭ്.
26 വയസ്സുകാരനായ സൗരഭ് 2021ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ ‘പ്രസിഡന്റ്സ് ബോഡിഗാർഡി’ന്റെ ഭാഗമായി, നിലവിൽ അദ്ദേഹം രാഷ്ട്രപതി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് അദ്ദേഹം തന്റെ ജന്മഗ്രാമത്തിൽ എത്തിയിരുന്നു.






