ഈരാറ്റുപേട്ട: ഡ്രൈവർമാരുടെ കുറവിനെത്തുടർന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ നാലു സർവീസുകള്‍ മുടങ്ങി.
ഈരാറ്റുപേട്ട, കോട്ടയം, ആലപ്പുഴ റൂട്ടില്‍ യാത്രക്കാർ വലഞ്ഞു. നിലവില്‍ പത്ത് ഡ്രൈവർമാരുടെ കുറവുള്ള ഡിപ്പോയില്‍, കഴിഞ്ഞ ദിവസം ഏഴുപേർ പനി ബാധിച്ച് മെഡിക്കല്‍ ലീവ് എടുത്തതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു.
കുന്നോന്നി-ആലപ്പുഴ, ഈരാറ്റു പേട്ട-ആലപ്പുഴ, ഈരാറ്റുപേട്ട-കോട്ടയം ചെയിൻ സർവീസ് രണ്ട് എണ്ണവുമാണ് കാൻസല്‍ ചെയ്തത്.
ഇരുപതിനായിരം രൂപയ്ക്കുമേല്‍ കളക്ഷനുള്ള സർവീസുകളാണ് വെട്ടിക്കുറച്ചത്. പത്തുപേരുടെ കുറവ് നികത്തിയിരുന്നത് മറ്റ് ഡ്രൈവർമാർക്ക് അധിക ഡ്യൂട്ടി നല്‍കിയാണ്.
ആവശ്യത്തിനു ഡ്രൈവർമാരെ നിയമിച്ചില്ലെങ്കില്‍ ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും. നിലവില്‍ 37 ഷെഡ്യൂളുകളാണ് ഡിപ്പോയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. 20 ഫാസ്റ്റ് സർവീസും 17 ഓർഡിനറി സർവീസുമാണുള്ളത്. മുന്‍പ് 64 ഷെഡ്യൂള്‍ ഉണ്ടായിരുന്ന ഡിപ്പോയില്‍നിന്ന് ഓരോ കാരണം പറഞ്ഞ് ബസുകള്‍ കൊണ്ടുപോയി.
ഈരാറ്റുപേട്ട ഡിപ്പോയില്‍ നിലവില്‍ എടിഒ ഇല്ല. പാലാ എടിഒയുടെ കീഴിലാണ് ഡിപ്പോയുടെ പ്രവർത്തനം. എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയ്ക്കുള്ള അവാർഡ് ലഭിച്ച ഡിപ്പോ തരംതാഴ്ത്തലിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്. ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.






