കോട്ടയം : ജില്ലാതല സ്വാതതന്ത്ര്യ ദിനാഘോഷച്ചടങ്ങുകള്‍ ഇന്ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി മോന്‍സ് ജോസഫ് രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തും. തുടര്‍ന്നു സല്യൂട്ട് സ്വീകരിച്ച ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ചടങ്ങുകള്‍ രാവിലെ 8.35ന് ആരംഭിക്കും. പരേഡില്‍ 25 പ്ലറ്റൂണുകള്‍ പങ്കെടുക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന-5, എന്‍സിസി സീനിയര്‍, ആണ്, പെണ് വിഭാഗങ്ങള്‍- 5, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍-6, സ്കൗട്ട്, ഗൈഡ്സ് -4, ജൂനിയര്‍ റെഡ്ക്രോസ് -2, ബാന്‍ഡ്-3 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ അണിനിരക്കുന്ന പ്ലറ്റൂണുകളുടെ എണ്ണം.
ജില്ലാ പോലീസ് ആസ്ഥാനത്തെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഡി. ജയകുമാര്‍ ആണ് പരേഡ് കമാന്‍ഡര്‍. സബ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡും ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വില്‍സണ്‍ വി. ജോണ്‍ ബാന്‍ഡ് മാസ്റ്ററുമായിരിക്കും.
ജില്ലാ പോലീസ് ആസ്ഥാനത്തെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ബിറ്റു തോമസ്, ചങ്ങനാശേരി പോലീസ് സേ്റ്റഷന് സബ് ഇന്‍സ്പെക്ടര്‍ ബെജിന് കെ ബെന്നി, കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ വര്‍ഷ മധു, കോട്ടയം റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ അഖില്‍, വണ്ടന്‍പതാല്‍ സെക്ഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെപി രാജേഷ് എന്നിവര്‍ യഥാക്രമം ഡിഎച്ച്ക്യൂ, സിവില്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ് ഫോറസ്റ്റ് പ്ലറ്റൂണുകളെ നയിക്കും.






