മസ്കത്ത് : ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസ് കടലിടുക്കിലുമായി രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. പശ്ചിമേഷ്യയിൽ കടുത്ത യുദ്ധസാഹചര്യം നിലനിൽക്കെയാണ്, തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്കിലൂടെ കടന്നുപോവുകയായിരുന്ന ഇന്ധന ടാങ്കർ കപ്പലിനു നേരെ അജ്ഞാത ആക്രമണമുണ്ടായതായി ബ്രിട്ടിഷ് നാവികസേനയുടെ നിരീക്ഷണ വിഭാഗമായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്.
ഒമാന്റെ അധീനതയിലുള്ള ഖസബിൽനിന്ന് 12 നോട്ടിക്കൽ മൈൽ വടക്കുമാറിയാണു സംഭവം. കപ്പലിനുനേരെ പതിച്ചത് ഏതുതരം പ്രഹരശേഷിയുള്ള ആയുധമാണെന്നോ ഇതിനു പിന്നിൽ ആരാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കപ്പലിന്റെ പേര്, ഏതു രാജ്യത്തിന്റെ പതാകയാണ് വഹിക്കുന്നത് തുടങ്ങിയ വിവരങ്ങളും സുരക്ഷാ കാരണങ്ങളാൽ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരുക്കേൽക്കുകയോ സമുദ്രത്തിൽ എണ്ണച്ചോർച്ച പോലുള്ള പാരിസ്ഥിതിക നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു വാണിജ്യ ടാങ്കർ കപ്പൽ ആക്രമിക്കപ്പെട്ടതായി യുകെഎംടിഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ സുരക്ഷാ അന്തരീക്ഷം അതിവേഗം മാറിമറിയുന്ന സാഹചര്യത്തിൽ കപ്പലുകൾ അതീവ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നാവികസേനാ അധികൃതർ നിർദേശിച്ചു.






