നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കി മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന് തകർപ്പൻ ജയം.
ഇന്തോനേഷ്യയെ(13-1)യാണ് തകർത്തുവിട്ടത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ ജയിച്ചു കയറിയത്.
ഇന്ത്യക്കായി ദിൽപ്രീത് സിംഗ് നാല് ഗോളുകൾ നേടി തിളങ്ങി. ഷിലാനന്ദ് ലാക്ര, സുഖജീത് സിങ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ,
ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, രജീന്ദർ സിംഗ്, മമിറലലു സിങ്, ജുഗ്രാജ് സിങ്, അഭിഷേക് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
കഴിഞ്ഞ മാസം നടന്ന ലോകകപ്പിൽ ഓപ്പൺ പ്ലേയിലൂടെ ഗോളുകൾ കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു.
എന്നാൽ ഇന്തോനേഷ്യക്കെതിരെ നേടിയ 13 ഗോളുകളിൽ 10 എണ്ണവും ഫീൽഡ് ഗോളുകളായിരുന്നു എന്നത് ശ്രദ്ധേയമായി.
ആദ്യ ക്വാർട്ടറിൽ ഇന്തോനേഷ്യ പ്രതിരോധത്തിൽ കരുത്തുകാട്ടി.
ഷിലാനന്ദിന്റെയും അഭിഷേകിന്റെയും ആദ്യ ഗോളുകൾ ബോക്സിലെ അനുകൂലമായ റീബൗണ്ടുകളിൽ നിന്നാണ് പിറന്നത്.
എന്നാൽ രണ്ടാം ക്വാർട്ടറിൽ കളി മാറ്റിപ്പിടിച്ച ഇന്ത്യ, മൂന്ന് മിനിറ്റിനുള്ളിൽ നാല് ഗോളുകൾ അടിച്ചു.
തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഡ്രാഗ് ഫ്ളിക്കിലൂടെ ഗോൾ നേടി.
മൂന്നാം ക്വാർട്ടറിലാണ് ഇന്തോനേഷ്യയുടെ ആശ്വാസ ഗോൾ പിറന്നത്.
33-ാം മിനിറ്റിൽ സുമിത്തിന് വന്ന പിഴവിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കോർണർ ഔലിയ അൽ അർധ ഗോളാക്കി മാറ്റി.
ചൊവ്വാഴ്ച ശ്രീലങ്കക്കെതിരെയാണ് അടുത്ത മത്സരം.
നേരത്തെ വനിതാ ഹോക്കിയിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.
ഉസ്ബെകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യ മുക്കിയത്.






