കോട്ടയം: പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭീഷണിയായി രോഗവ്യാപനം. ദിവസങ്ങളായി ചെളിവെള്ളത്തിലൂടെ നടന്നു മിക്കവരുടെയും കാലുകള്‍ പൊട്ടി വ്രണമായ അവസ്ഥയിലാണ്.
തുടർച്ചയായ തണുത്ത വെള്ളത്തില്‍ നിന്നു മരവിപ്പു ബാധിച്ചവരുമേറെ. പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ശുദ്ധജലത്തിന്റെ അഭാവത്തില്‍ വയറിളക്ക രോഗങ്ങള്‍ക്കും സാധ്യതയേറെയാണ്.
മലിനജലവുമായി സമ്പർക്കത്തില്‍ ഏർപ്പെടുന്നവരില്‍ എലിപ്പനിയടക്കം പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കം ഭീഷണി ഉയർത്തുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും എലിയുടെ മൂത്രം കലർന്നു ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്.
എലിപ്പനി പ്രതിരോധത്തിനായി ഡൊക്സിസൈക്ലിൻ ഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ (200 മില്ലിഗ്രാം) ഭക്ഷണത്തിനു ശേഷമാണു കഴിക്കേണ്ടത്. ഡൊക്സിസൈക്ലിൻ ഗുളികകള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.
മുതിർന്നവർ ആഴ്ചയില്‍ ഒരിക്കല്‍ 200 എംജി ഗുളിക (ഭക്ഷണത്തിനു ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുക). ഗുളിക കഴിച്ച ഉടൻ കിടക്കരുത്. തൊണ്ടയില്‍ അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും നിവർന്നു നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക.
വെള്ളക്കെട്ടിലോ മലിനജലത്തിലോ ഇറങ്ങുന്ന സമ്പർക്കം നിലനില്‍ക്കുന്നിടത്തോളം കാലം ആഴ്ചയിലൊന്ന് എന്ന ക്രമത്തില്‍ ഇതു തുടരാം. ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവർ ഈ മരുന്നു കഴിക്കരുത്.
ഇവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം പകരമുള്ള മരുന്നുകള്‍ കഴിക്കേണ്ടതാണ്. പനി, പേശിവേദന, കണ്ണ് ചുവക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും വേണം.






