സുൽത്താൻബത്തേരി: പോലീസിന്റെ കാവലിൽ കോടതി സൂക്ഷിക്കാനേൽപ്പിച്ച ഏഴുചാക്ക് പുകയില ഉത്പന്നങ്ങൾ മോഷണംപോയി.
സ്റ്റേഷൻ വളപ്പിലെ തന്നെ കെട്ടിടത്തിലെ പൂട്ടിയമുറിയിൽ സൂക്ഷിച്ചിരുന്ന ചാക്കുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജൂൺ ഏഴിന് ബീനാച്ചി ദൊട്ടപ്പൻകുളത്ത് പള്ളിക്കണ്ടി സ്വദേശി ഇസ്ഹാഖ് താമസിച്ചിരുന്ന വീട്ടിൽനിന്ന് അലമാരയുടെ പിന്നിൽ രഹസ്യഅറയുണ്ടാക്കി ഏഴുചാക്കുകളിലായി സൂക്ഷിച്ച 12,000 പാക്കറ്റ് ഹാൻസും 1800 പാക്കറ്റ് കൂൾലിപ്പും പുറത്ത് കാറിൽ നിന്ന് ഒരുചാക്ക് പുകയില ഉത്പന്നവും പോലീസ് പിടിച്ചെടുത്തിരുന്നു.
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കിയ ഇവ സ്വീകരിച്ച കോടതി വീണ്ടും സൂക്ഷിക്കുന്നതിനായി പോലീസിനെ ഏൽപ്പിച്ചതായിരുന്നു.
ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിൽതന്നെയുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്നാണ് ഏഴുചാക്കുകൾ മോഷണം പോയത്.
പൂട്ടിയമുറിയുടെ താക്കോൽ അസി. സ്റ്റേഷൻ റൈട്ടറുടെ മേശവലിപ്പിലാണ് വെക്കാറുള്ളത്. ഇവിടെനിന്ന് താക്കോൽ കൈവശപ്പെടുത്തി മുറിയുടെ പൂട്ടുതുറന്ന് അതിക്രമിച്ചുകയറി മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് നാലിന് സ്റ്റേഷൻ റൈട്ടറുടെ നേതൃത്വത്തിൽ ഈ മുറി വൃത്തിയാക്കാനായി തുറന്ന് പരിശോധിച്ചപ്പോളാണ് മുതലുകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് എസ്.എച്ച്.ഒ.യുടെയും മറ്റ് പോലീസുകാരുടെയും നേതൃത്വത്തിൽ സ്റ്റേഷനും മുറികളും പരിസരവും പരിശോധിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഇതേത്തുടർന്ന് എസ്.എച്ച്.ഒ.യുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.






