കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീം മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വിമർശനം തള്ളി പരിശീലകൻ ഗൗതം ഗംഭീർ.
ടീം നിലവില്‍ മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ കേന്ദ്രീകരിച്ച് പുതിയൊരു ടീം രൂപപ്പെടുകയാണെന്നും ഗംഭീർ പറഞ്ഞു.
റാങ്കിംഗിനെക്കുറിച്ചോ പുറത്തുനിന്നുള്ള വിമർശനങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും ടീമിന്റെ പ്രധാന ലക്ഷ്യം കിരീടങ്ങള്‍ നേടുകയാണെന്നും ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ ഗംഭീർ വ്യക്തമാക്കി.
'വിമർശനങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്റെ ജോലി ട്രോഫികള്‍ നേടുക എന്നതാണ്. അതാണ് ഞാൻ വിശ്വസിക്കുന്നതും ശ്രദ്ധിക്കുന്നതും. മറ്റുള്ളവരില്‍ നിന്ന് എന്നെ വ്യത്യസ്തനാക്കുന്നതും അതാണ്. വ്യൂസും ലൈക്കും കാര്യമാക്കേണ്ടതില്ല,' ഗംഭീർ പറഞ്ഞു.
'റാങ്കിംഗിന് പ്രാധാന്യമില്ല. നമ്മള് പ്രതിസന്ധിയിലല്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മികച്ച രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. എന്റെ ജോലി ട്രോഫികള്‍ നേടുകയാണ്. അതാണ് ഞാൻ വിശ്വസിക്കുന്നതും പരിഗണിക്കുന്നതും. ക്രിക്കറ്റില്‍ ഉയർച്ച താഴ്ചകളുണ്ടാകും. താരങ്ങളില്‍ വിശ്വാസമർപ്പിക്കുകയും അവർക്ക് കൂടുതല്‍ അവസരം നല്‍കുകയും വേണം. ഒന്നോ രണ്ടോ മത്സരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുത്. 20 വിക്കറ്റുകള്‍ വീഴ്ത്താൻ കഴിയുന്ന ഏറ്റവും മികച്ച ബൗളിംഗ് നിരയെ ഇറക്കാനാണ് ഞങ്ങളുടെ ശ്രമം. കുല്‍ദീപ് മികച്ച ബൗളറാണ്. ചിലപ്പോള്‍ തീരുമാനമെടുക്കേണ്ടത് ക്യാപ്ടൻ കൂടിയാണ്,' -ഗംഭീർ വ്യക്തമാക്കി.
രണ്ട് മത്സരങ്ങളുള്ള പരമ്പരകളേക്കാള്‍ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് ഉചിതമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റില്‍ തോല്‍ക്കുന്ന ടീമിന് തിരിച്ചുവരാനുള്ള മികച്ച അവസരം മൂന്ന് മത്സര പരമ്പരയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് ഏറ്റവും അനുയോജ്യം. താരങ്ങളുടെ ശരീരക്ഷമതയും വിശ്രമവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. പരിശീലനം നല്‍കുകയും ബൗളർമാർക്ക് വിശ്രമം അനുവദിക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ തോറ്റാല്‍ തിരിച്ചുവരാനുള്ള അവസരം ലഭിക്കുന്ന രീതിയില്‍ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് അഭികാമ്യം. അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഞാൻ ആഗ്രഹിക്കുന്നത്,' -ഗംഭീർ കൂട്ടിച്ചേർത്തു.
ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വിരാട് കൊഹ്ലി, ആർ. അശ്വിൻ, രോഹിത് ശർമ്മ എന്നിവർ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്കെതിരായ പരമ്പരകളിലെ തോല്‍വികളും ടീമിനും പരിശീലകനുമെതിരെ കടുത്ത വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.






